ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു, പരാതിയില്‍ കേസെടുത്തെന്ന് അറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമം; താമരശ്ശേരി സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍


കോഴിക്കോട്: ക്രൂരമായി പീഡിപ്പിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ താമരശ്ശേരി സ്വദേശി പൊലീസിന്റെ പിടിയില്‍. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ താമസിക്കുന്ന ചുണ്ടക്കുന്ന് മാളിയേക്കല്‍ ഡാനിഷിനെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫും മീനങ്ങാടി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

സ്വന്തം വീട്ടില്‍ വച്ച് തന്നെ അതിക്രൂരമായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് ഡാനിഷിന്റെ ഭാര്യയും മീനങ്ങാടി സ്വദേശിനിയായ യുവതിയുടെ പരാതി നല്‍കിയത്.ഗാര്‍ഹിക പീഡന പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ ഡാനിഷ് ഒമാനിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഭാര്യയുടെ പരാതിയില്‍ സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ ഭര്‍ത്താവിന്റെ മാതാവ് രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയുമാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഡാനിഷിനെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.