സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃ മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ചന്തുലാൽ, അമ്മ ഗീത ലാലി എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള് അടക്കണം. കൊല്ലം അഡീഷണൽ ജില്ലാ ഇന്ന് ആണ് ശിക്ഷ വിധിച്ചത്.
സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ടത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ക്രൂര കൊലപാതകം പുറത്തു വന്നു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നോള്ളൂ. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.