തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രചരണ ജാഥയ്ക്ക് കൂത്താളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് തൊഴിലാളികള്‍


കൂത്താളി: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് തൊഴിലാളികള്‍ കൂത്താളിയില്‍ ഒത്തുചേര്‍ന്നു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രചരണ ജാഥയ്ക്ക് കുത്താളിയില്‍ സ്വീകരണം നല്‍കിയ സ്വീകരണത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്.

ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പണം വെട്ടിക്കുറച്ച നടപടിയ്‌ക്കെതിരെയും പ്രതിഷേധമുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരുലക്ഷത്തി 25000 കോടിരൂപയാണ് കേന്ദ്രബജറ്റില്‍ ഈ പദ്ധതിക്ക് വകയിരുത്തിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ 73000 കോടി രൂപയാക്കി കുറച്ചു.പഞ്ചായത്തില്‍ 20 പണി മാത്രമേ ഒരുസമയത്ത് എടുക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

ജാഥാലീഡര്‍ ലക്ഷ്മി, ജാഥാംഗം ജീവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എം.രാമദാസന്‍ സ്വാഗതം പറഞ്ഞു.
ശാലിനി അദ്ധ്യക്ഷയായി. നൂറ് കണക്കിന് തൊഴിലാളികള്‍ സ്വീകരണ കേന്ദ്രത്തിലെത്തി.