വിഷു കളറാക്കി പ്ലാസ്റ്റിക് കണിക്കൊന്ന, ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ


തിരുവനന്തപുരം: പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. ഇവയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി റിപ്പോർട്ട്‌ നൽകണം.

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെതാണ്‌ നടപടി. മെയ് മാസത്തിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം. നഗരങ്ങളിൽ താമസിക്കുന്നവർക്കും ഏറെ സുലഭമായി ലഭിക്കുന്ന പ്ലാസ്റ്റിക് കണിക്കൊന്ന മുൻ വർഷങ്ങളിലും വിപണിയിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷുക്കാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്നത് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വിപണിയില്‍ ഇടം പിടിക്കാന്‍ തുടങ്ങിയത്. ഇക്കൊല്ലത്തെ വിഷുവിന് മിക്ക കടകളിലും ഇവ ലഭ്യമായിരുന്നു.

Description: Human Rights Commission files case against plastic kanikonna