മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് പടർന്നു, പിന്നീട് കാണുന്നത് തീ ​ഗോളങ്ങൾ; പേരാമ്പ്രയെ നടുക്കി ന​ഗരത്തിലെ തീപിടുത്തം


പേരാമ്പ്ര: പേരാമ്പ്രയിൽ ലക്ഷങ്ങളുടെ നാശനഷടത്തിലേക്കും കെട്ടിടം കത്തിനശിക്കുന്നതിനും ഇടയാക്കിയ തീപിടുത്തം ഉണ്ടായത് പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ. അജെെവ മാലിന്യങ്ങൾ സൂക്ഷിച്ച എം.എസി.എഫിലാണ് ആദ്യം തിപിടച്ചത്. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്കും തീ പടരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയേടെയാണ് നാടിനെ നടുക്കിയ വലിയ തീപിടുത്തം ഉണ്ടായത്.

പേരാമ്പ്ര വഴി കടന്നുപോയ യാത്രക്കാരനാണ് ബാദുഷയ്ക്ക് സമീപം തീപടർന്നതായുള്ള വിവരം ഫയർഫോഴ്സിനെ അറിയിക്കുന്നത്. ഉടനടി ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പുലർച്ച നാലരയോടെയാണ് തീ പൂർണ്ണമായി അണക്കാൻ സാധിച്ചത്.

എം.സിഎഫിൽ നിന്ന് ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് കെട്ടിടത്തിലേക്കാണ് ആദ്യം തീ പടർന്ന് പിടിച്ചത്. കെട്ടിടത്തിൽ ഒരു മുറിയിൽ പലചരക്ക് കടയും തൊട്ടടുത്ത മുറിയിലും മുകൾ നിലയിലുമായി ബാദുഷ മെറ്റൽസ് പാത്രക്കടയുമാണുള്ളത്. ഇവിടം പൂർണ്ണമായി കത്തി നശിച്ചു. ഇതിനോട് ചേർന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

ബാദുഷിലെ സ്റ്റീൽ, അലൂമിനിയം, ഓട്ടുപാത്രങ്ങൾ, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരങ്ങൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. ലക്ഷങ്ങളുടെ സാധന സാമ​ഗ്രിയകളാണ് അ​ഗ്നിക്കിരയായത്. തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി.

പേരാമ്പ്ര, വടകര, കൊയിലാണ്ടി, കോഴിക്കോട് ബീച്ച് ഉൾപ്പെടെ 15 യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സിനൊപ്പം, പോലീസ്, ജനപ്രതിനിധികൾ, നാട്ടുകാർ, സിവിൽ ഡിഫൻസ്, ആപ്തമിത്രാം​ഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.

മാലിന്യ കൂമ്പാരത്തിൽ എങ്ങനെയാണ് തീ പടർന്നത് എന്നതിൽ വ്യക്തമല്ല. കൂടുതൽ അന്വേഷണങ്ങളും പരിശോധനകളും നടത്തിയാൽ മാത്രമേ വ്യക്തമായ കാരണം അറിയാൻ സാധിക്കുക.