കേരളത്തിന് തിരിച്ചടി; വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം
ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.
എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്. നിലവിൽ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കെ വി തോമസിനുള്ള മറുപടി കത്തിൽ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടിൽ നിന്നുള്ളതാണ്.