സ്വകാര്യതയ്ക്ക് ജീവശ്വാസത്തോളം വില; മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം സുരക്ഷിതമാക്കേണ്ടത് വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, എങ്ങനെ ചെയ്യാമെന്ന് വിശദമായി അറിയാം


ഇന്ന് നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന് തുല്യമാണ് മൊബൈല്‍ ഫോണ്‍ അഥവാ സ്മാര്‍ട്ട്‌ഫോണ്‍. നമ്മുടെ സ്വകാര്യയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഉപകരണം കൂടിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. അതിനാല്‍ തന്നെ സ്വകാര്യത ഉറപ്പുവരുത്തേണ്ട ബാധ്യത ഫോണ്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ട്.

ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വിവരങ്ങള്‍ കൈമാറുന്നതും ചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നതുമെല്ലാം സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. അതിനാല്‍ വ്യക്തിഗത രഹസ്യങ്ങളുടെ കലവറ എന്ന് നമ്മുടെ സ്മാര്‍ട്ട്‌ഫോണിനെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. അതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നമ്മള്‍ ഏറെ സൂക്ഷിക്കണം.

എന്നാല്‍ നമ്മുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായാലോ? വീണു പോകുക, മോഷണം പോകുക, എവിടെയെങ്കിലും മറന്ന് വച്ച് പോകുക തുടങ്ങി ഫോണ്‍ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ പലതാണ്. അങ്ങനെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് നമ്മുടെ സ്വകാര്യതയ്ക്കും ഭീഷണിയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ നമ്മുടെ സ്വകാര്യത സംരക്ഷിക്കാനായി ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അതിനായി എന്താണ് ചെയ്യുക?

ഫോണില്‍ നമ്മുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്പാണ് വാട്ട്‌സ്ആപ്പ്. അതിനാല്‍ വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് ആദ്യം സുരക്ഷിതമാക്കേണ്ടത്. പ്രിയപ്പെട്ടവരുമായി നമ്മള്‍ പങ്കുവച്ച വിവരങ്ങള്‍ പുറത്തറിയുന്നത് പലതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വരെ കാരണമായേക്കും.

വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാനായുള്ള ഒരു വഴിയാണ് ചാറ്റുകള്‍ പുതിയ ഫോണിലേക്ക് മാറ്റുക എന്നത്. ഇതിനായി സിം കാര്‍ഡ് ആവശ്യമാണ്. ഫോണ്‍ നഷ്ടമായി എന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ ടെലകോം സേവനദാതാവുമായി ബന്ധപ്പെട്ട് സിം കാര്‍ഡ് നഷ്ടമായ വിവരം അറിയിക്കുകയും അത് മറ്റുള്ളവര്‍ ദുരുപയോഗിക്കുന്നത് തടയാനായുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഒ.ടി.പികള്‍ ലഭിക്കാനും പാസ് വേര്‍ഡുകള്‍ റീസെറ്റ് ചെയ്യാനുമെല്ലാം സിം കാര്‍ഡ് കൈവശമുണ്ടെങ്കില്‍ കഴിയും. കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സിം കാര്‍ഡ് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സേവനദാതാവിനോട് ഉടന്‍ ആവശ്യപ്പെടുകയാണ് ആദ്യ കടമ്പ.

ഇതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കണം. തിരിച്ചറിയല്‍ രേഖയുമായി സേവനദാതാവിനെ സമീപിക്കണം. എത്രയും പെട്ടെന്ന് ഡ്യൂപ്ലിക്കേറ്റ് സിം എടുത്താല്‍ വാട്ട്‌സ്ആപ്പ് മറ്റൊരു ഫോണിലേക്ക് മാറ്റാന്‍ കഴിയും.

ഡ്യൂപ്ലിക്കേറ്റ് സിം ലഭിച്ച് ആക്റ്റീവായി കഴിഞ്ഞാല്‍ ഉടന്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണിലേക്ക് വാട്ട്‌സ്ആപ്പ് മാറ്റാം. വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നേരത്തേ രജിസ്റ്റര്‍ ചെയ്ത അതേ നമ്പര്‍ തന്നെ ഉപയോഗിച്ച് വീണ്ടും വാട്ട്‌സ്ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായുള്ള ഒ.ടി.പി പുതുതായി എടുത്ത സിം കാര്‍ഡിലേക്കാണ് എസ്.എം.എസ്സായി വരിക.

ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനോ മറ്റൊരു ഫോണില്‍ വാട്ട്‌സ്ആപ്പ് തുറക്കാനോ സാധിക്കുന്നില്ലെങ്കില്‍ വിഷമിക്കേണ്ട. അതിന് മറ്റൊരു വഴിയുണ്ട്. വാട്ട്‌സ്ആപ്പുമായി നേരിട്ട് ബന്ധപ്പെടുകയാണ് അത്. ഇ-മെയില്‍ വഴിയാണ് വാട്ട്‌സ്ആപ്പുമായി ബന്ധപ്പെടേണ്ടത്.

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടമായെന്നും അതിനാല്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട് നിര്‍ജ്ജീവമാക്കണമെന്നും ആവശ്യപ്പെട്ട് നഷ്ടമായ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് മെയില്‍ അയക്കേണ്ടത്. കണ്‍ട്രി കോഡ് സഹിതം അന്താരാഷ്ട്ര ഫോര്‍മാറ്റിലാണ് ഇ-മെയിലിനൊപ്പം ഉള്‍പ്പെടുത്തേണ്ടത്. വാട്ട്‌സ്ആപ്പിന് നിങ്ങളുമായി ബന്ധപ്പെടാന്‍ ഇതുവഴി സാധിക്കും.

നിങ്ങളുടെ വാട്ട്‌സ്ആപ്പ് വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നതിന് പകരം ചാറ്റ് ഹിസ്റ്ററി, ബാക്ക് അപ്പ് തുടങ്ങിയവ പോണില്‍ സൂക്ഷിക്കുന്നതിന് പകരം ഗൂഗിള്‍ ഡ്രൈവ്, ഐ ക്ലൗഡ് പോലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനങ്ങളിലേക്ക് മാറ്റുന്നത് അവ നഷ്ടപ്പെടാനുള്ള സാധ്യത കുറയും. കൂടാതെ ഏത് സ്മാര്‍ട്ട്‌ഫോണില്‍ വാട്ട്‌സ്ആപ്പ് തുടങ്ങിയാലും അതിലേക്ക് പഴയ വാട്ട്‌സ്ആപ്പിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കും.

വാട്‌സ്ആപ്പ് ചാറ്റ് പുതിയ ഫോണിലേക്ക് മാറ്റാനായി ആദ്യം വാട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പ് സൂക്ഷിച്ചിരിക്കുന്ന ഗൂഗിള്‍ അക്കൗണ്ടുമായി പുതിയ ഫോണ്‍ ലിങ്ക് ചെയ്യണം. പിന്നീട് പുതിയ ഫോണില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഓപ്പണ്‍ ചെയ്യുക. അത് കഴിഞ്ഞ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യുക.

ചാറ്റുകള്‍ വീണ്ടെടുക്കാനായി ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ചാറ്റുകളും മീഡിയയും വീണ്ടെടുക്കാനുള്ള ഓപ്ഷന്‍ കാണിക്കുമ്പോള്‍ റീസ്റ്റോര്‍ ഓപ്ഷന്‍ നല്‍കുക. തുടര്‍ന്ന് റീസ്റ്റോര്‍ പൂര്‍ത്തിയായാല്‍ നിങ്ങളുടെ മീഡിയ ഫയലുകളും ചാറ്റും ഉള്‍പ്പെടെയുള്ളവ ബാക്ക് അപ്പ് ചെയ്യപ്പെടും. തുടര്‍ന്ന് നെക്സ്റ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അതോടെ ഡാറ്റാ മാറ്റം പൂര്‍ത്തിയാകും.


Summery: How to protect your WhatsApp Account if your Phone is Lost? Know here in detail.