തിരക്ക് പിടിച്ച ജീവിതത്തിൽ ജിമ്മിൽ പോവാൻ നേരം കിട്ടുന്നില്ലേ? വീട്ടിലിരുന്നും ഇനി തടികുറയ്ക്കാം, ഇതാ പത്ത് വഴികള്‍


നടത്തമെന്ന നിത്യവ്യായാമം

നടത്തത്തിന് വലിയൊരു പരിധിവരെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. നിത്യജീവിതചര്യയായി നടത്തത്തെ മാറ്റിയാല്‍ മറ്റൊരു കഠിന ശാരീരിക വ്യായാമത്തിന്റെ ആവശ്യകതയില്ലാതെ തന്നെ ശരീരത്തെ ആരോഗ്യപൂര്‍വം സൂക്ഷിക്കാനും ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഒഴിവാക്കാനും പറ്റും. ജോഗിംഗും ഓട്ടവും ദിവസവും നടത്തുകയാണെങ്കിൽ തടി കുറയാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.

ശരീരത്തെയും മനസ്സിനെയും പാട്ടിലാക്കാന്‍ യോഗ

ജിമ്മുകള്‍ക്ക് പകരം ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണ് യോഗ. കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ലാതെ ഒരു യോഗമാറ്റ് ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാം എന്നതാണ് ഇതിന്റെ വലിയ ഗുണം. മനസ്സിനെയും ശരീരത്തെയും ഏകാഗ്രമാക്കി വെക്കാനും മാനസിക സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്ന യോഗ ടെന്‍ഷന്‍ കാരണമുണ്ടാകാനിടയുള്ള അമിതവണ്ണത്തിനൊക്കെ മികച്ച പ്രതിവിധിയാണ്.

ഒന്ന്..രണ്ട്..മൂന്ന്.. പടികയറി പോകാം

കയറ്റം കയറാന്‍ മടിച്ച് ലിഫ്റ്റുകളും എസ്‌കലേറ്ററുകളും മാത്രമുപയോഗിക്കുന്നത് നമ്മുടെ ശീലമായിക്കഴിഞ്ഞു. എന്നാല്‍ ഇവ ഉപേക്ഷിച്ച് സ്റ്റെപ്പുകള്‍ കയറി ഇറങ്ങുന്നത് തടി നിയന്ത്രിക്കാന്‍ വളരെ സഹായകമാണ്. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികളിൽ കയറാം. ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നുമെങ്കിലും പിന്നീടത് എളുപ്പമായിരിക്കും. ഇതുവഴി നമ്മള്‍ പോലുമറിയാതെ നമ്മുടെ തടി കുറയും ആരോഗ്യവും മെച്ചപ്പെടും.

സ്‌കിപ്പിംഗ് റോപ്പ്

വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാനും ശാരീരിക പ്രവർത്തനങ്ങൾ കൂട്ടാനുള്ള ഫലപ്രദമായ മാർഗമാണ് സ്‌കിപ്പിംഗ് റോപ്പ് അഥവാ വള്ളിച്ചാട്ടം. ഓരോ തവണ ചാടുന്നതിന് അനുസരിച്ച് എണ്ണം ചാടുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കണം. ഭാരം കുറയ്ക്കുന്നതിനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുമൊപ്പം മാനസികോല്ലാസം പ്രധാനം ചെയ്യാന്‍ കൂടി ഇതിനാവും.

മറക്കാതെ ചെയ്യാം ലഘു വ്യായാമങ്ങൾ

ജിമ്മിൽ പോകാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ വ്യായാമങ്ങളിൽ ഏർപ്പെടാം. സ്‌ക്വാട്ടിംഗ്, മൗണ്ടൻ ക്ലൈമ്പർ, ക്രഞ്ചുകൾ, ജമ്പിംഗ് ജാക്കുകൾ, തുടങ്ങിയ വ്യായാമങ്ങൾ വീട്ടിൽ എളുപ്പത്തിൽ പരിശീലിക്കാം. യുട്യൂബിൽ നോക്കിയും ഇത്തരം ചെറു വ്യായാമമുറകൾ പഠിച്ചെടുക്കാം.

നൃത്തം ചെയ്ത് തടി നിയന്ത്രിക്കാം

നൃത്തം പ്രേമികള്‍ക്കും അത് പരിശീലിച്ചവര്‍ക്കും ശരീരഭാരം കുറയ്ക്കാൻ പറ്റിയ മാർഗമാണ് നൃത്തം. ജിമ്മിൽ പോകാൻ നിങ്ങൾ ഇഷ്ടമല്ലാത്തവർക്ക് പ്രത്യേകിച്ചും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുക. ശരീരം വിയർക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്നത് മൂലം അടിഞ്ഞുകൂടിയ കലോറി അലിഞ്ഞ് പോവും. അത് നിങ്ങളെ ഫിറ്റായി നിലനിര്‍ത്തും.

വീട്ടുജോലികൾ എടുക്കുക

വെറുതെ വീട്ടിൽ മടിപിടിച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിവെക്കുക. വീട്ടുജോലികൾ ചെയ്യുന്നതും മികച്ചൊരു വ്യായാമമാണ്. ലിഗഭേദമെന്യേ വീട്ട് ജോലികളില്‍ ഏര്‍പ്പെടാം. വീട് വൃത്തിയാക്കുക, നിലം തുടക്കുക തുടങ്ങിയ ചെറിയ ചെറിയ ജോലികള്‍ ശരീരത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും.

ഭക്ഷണത്തിലെ ചില നുറുങ്ങ് വിദ്യകള്‍

മൂന്ന് നേരത്തെ ഭക്ഷണത്തെ ആറ് നേരമാക്കി വിഭജിക്കുക, മെറ്റബോളിസം വർധിപ്പിക്കുന്ന ഭക്ഷണങ്ങളായ ഗ്രീൻ ടീ, ഇഞ്ചി തുടങ്ങിയവ കഴിക്കാൻ ശ്രമിക്കുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതൽ കഴിക്കുക, ഭക്ഷണത്തിനും മുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുക, ജങ്ക് ഫുഡുകളും പാക്കറ്റ് ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കുക, പറ്റുമെങ്കിൽ ഇടവിട്ടുള്ള ഉപവാസമെടുക്കാം, ഭക്ഷണം കഴിക്കുമ്പോൾ ഫോൺ, ടിവി എന്നിവ കാണുന്നത് ഒഴിവാക്കുക, വ്യായാമത്തിന് മുമ്പ് ബ്ലാക്ക് കോഫി കുടിക്കാം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കാം.

ലഹരിവസ്തുക്കളോട് പറയാം നോ

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവർ മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും.

നന്നായി ഉറങ്ങുക

ഇതിന് പുറമെ ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഉറക്കം ഭാരത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉറക്കക്കുറവും തടികൂട്ടുന്നതിന് കാരണമായേക്കും.