ഏഴ് മീറ്റർ താഴ്ചയുള്ള വീട്ട് മുറ്റത്തെ കിണറിൽ വീണു, ഫയർ ഫോഴ്സ് എത്തി എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കൊയിലാണ്ടി കൊല്ലത്തെ വീട്ടമ്മയുടെ മരണത്തിന്റെ ഞെട്ടലിൽ നാട്
കൊയിലാണ്ടി: കൊല്ലം വിയ്യൂരില്‍ വീട്ടമ്മ കിണറില്‍ വീണുമരിച്ചു. കരളിക്കണ്ടി വൈഡൂര്യത്തില്‍ പി രവിയുടെ ഭാര്യ ഷൈമയാണ് കിണറ്റില്‍ വീണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ ഏഴ് മീറ്റര്‍ താഴ്ചയുള്ള വെള്ളമുള്ള കിണറ്റിലാണ് ഇവര്‍ വീണത്. അറിഞ്ഞ ഉടനെ ബന്ധുക്കള്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. സേനയെത്തി വീട്ടമ്മയെ കരയില്‍ വലിച്ചെടുത്തു. ഫയര്‍&റെസ്‌ക്യൂ ഓഫീസര്‍ ഷിജു ടി പിയാണ് കിണറ്റിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ ഷൈമയെ കരയിലെത്തിച്ചത്.
ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ പയനോറ ഗോവിന്ദന്‍ നായരുടെയും ജാനകിയമ്മയുടെയും മകളാണ്. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.
സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍ സി പി യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പികെ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാബു പി കെ,ഫയര്‍&റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് വി കെ,ബിനീഷ് കെ ,ജിനീഷ്‌കുമാര്‍,നിധിന്‍രാജ്,മനോജ് പി വി,സജിത്ത് പി,ഹോംഗാര്‍ഡ് ഹരിദാസ്,സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
മകന്‍: ധീരജ് ( മാര്‍ക്കറ്റിംഗ് മാനേജര്‍, നെറ്റ് എലിക്‌സണ്‍, ഹൈദരാബാദ്) മരുമകള്‍: ഐശ്വര്യ (ആമസോണ്‍ ഹൈദരാബാദ്). സഹോദരിമാര്‍: പുഷ്പ, രേണുക, അജിത പയനോറ.