ദേശീയപാതയിൽ വടകരയിലുണ്ടായ അപക‌ടത്തിൽ വീട്ടമ്മ മരിച്ച സംഭവം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി


വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയുടെ വടകരയിലെ ഓഫീസ് ഉപരോധിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചോറോട് സ്വദേശിനി മരണപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയെതന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

മാസങ്ങളായി നിലനിൽക്കുന്ന വടകരയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, റോഡിലുള്ള കുണ്ടും കുഴികളും ഉടൻതന്നെ അടക്കുന്നതിനാവശ്യമായ നടപടികൾ ദേശീയപാതാ അതോറിറ്റി സ്വീകരിക്കുക, അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ നിർമ്മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ, വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മിറാഷ്, സുബിൻ മടപ്പള്ളി, സജിത്ത് മാരാർ, ശ്രീജിഷ് യു.എസ്,ദിൽരാജ് പനോളി, കാർത്തിക് ചോറോട്, ജിബിൻരാജ്,സിജു പുഞ്ചിരിമിൽ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.