‘മെയിൻസ്വിച്ചും മീറ്ററും തെറിച്ചുവീണു, മുറ്റത്തെ ഇന്റർലോക്ക് ഇളകിമാറി, ആളില്ലാത്തതിനാൽ ഒഴിവായത് വൻദുരന്തം’; പേരാമ്പ്ര ചാലിക്കരയിൽ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ


പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ ചാലിക്കര പുളിയോട്ടുമുക്കിൽ വീടുകളിലെ വയറിം​ഗും ഇലട്രോണിക് ഉപകരണങ്ങളും നശിച്ചു. പുളിയോട്ടുമുക്കിൽ വാളൂർപാറയ്ക്കുസമീപമുള്ള കേളോത്ത് ആയിഷ, കേളോത്ത് കുഞ്ഞിക്കലന്തൻ, കേളോത്ത് ഫൗസിയ എന്നിവരുടെ വിടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മൂന്ന് വീടുകളിലെയും വയറിങ്ങും മെയിൻസ്വിച്ചും കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

ആയിഷയുടെ വീട്ടിലെ വയറിങ്‌ പൂർണമായി നശിച്ചു. മെയിൻസ്വിച്ചും മീറ്ററും തെറിച്ചുവീണു. ചുമർ പൊട്ടിക്കീറുകയും ടൈലുകളും പൊട്ടുകയും ചെയ്തു. ഇലക്‌ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തകരാറിലായി. വീട്ടിലെ വഴിയിൽ സ്ഥാപിച്ച ലൈറ്റുകളും തകർന്നുവീണു. ഇടിമിന്നലിൽ മണ്ണിൽ കുഴികളുണ്ടാവുകയും പറമ്പിൽ തെങ്ങുകളും വാഴകളും നശിക്കുകയും ചെയ്തു. വീട്ടുമുറ്റത്തെ മുറ്റത്തെ ഇന്റർലോക്ക് ഇളകിമാറി.സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി.

കുഞ്ഞിക്കലന്തന്റെ വീട്ടിൽ വയറിങ്ങും മെയിൻസ്വിച്ചും കെ.എസ്.ഇ.ബി.യുടെ സർവീസ് വയറും കത്തി നശിച്ചു. മോട്ടറിന്റെ വയറിങ്ങും നശിച്ചു. ഫൗസിയയുടെ വീട്ടിൽ മെയിൻസ്വിച്ചും മീറ്ററും സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. ഫ്യൂസുകൾ പൊട്ടിത്തെറിക്കുകയും ചുമരിന് നാശമുണ്ടാവുകയും ചെയ്തു. പഞ്ചായത്തംഗം കെ. അമ്പിളിയും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലംസന്ദർശിച്ചു.

Summary: Houses damaged In lightning at Chalikkara, Perambra