ദുരിതപ്പെഴ്ത്തില്‍ വ്യാപകനാശം; വെള്ളത്തിൽ മുങ്ങി വീടുകളും റോഡുകളും, വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു


വടകര: കനത്ത മഴയെ തുടര്‍ന്ന് വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പുതുപ്പണം ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, താഴെ അങ്ങാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

എന്നാല്‍ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ടെന്നും, ഇതുവരെയായി ആരും ക്യാമ്പുകളില്‍ എത്തിയിട്ടില്ലെന്നും വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രാവിലെയുള്ള കനത്ത മഴയ്ക്ക് ശമനം വന്നതോടെ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങിപോവുന്നുണ്ട്. അതിനാല്‍ തന്നെ പലരും വീടിന്റെ രണ്ടാമത്തെ നിലയിലും മറ്റും തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

മേപ്പയില്‍ കൊയിലോത്ത് വയല്‍ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുകാര്‍ പലരും മഴ കനത്തപ്പോള്‍ തന്നെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കൊക്കഞ്ഞാത്ത്, കുട്ടോത്ത് ഭാഗങ്ങളിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊക്കഞ്ഞാത്ത് പല വീടുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടായിരുന്നു രാവിലെ മുതല്‍. എന്നാല്‍ മഴയ്ക്ക് ശമനം വന്നതോടെ വെള്ളം കുറയുന്നുണ്ട്.

നിര്‍ത്താതെ പെയ്ത മഴയില്‍ വടകര ജെടി റോഡ്‌, താഴെ അങ്ങാടി, പുതിയ ബസ് സ്റ്റാന്റ് പരിസരം, നാരായണ നഗരം, കരിമ്പനപ്പാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ജെടി റോഡ് പരിസരത്തെ പല കടകളിലും വെള്ളം കയറിയതായി വിവരമുണ്ട്.