ചുമർ തകരുന്ന ശബ്ദം കേട്ടയുടൻ മക്കളെയുമെടുത്ത് പുറത്തേക്കോടി, നാദാപുരത്ത് കനത്ത മഴയിൽ വീട് തകർന്നു; അഞ്ചം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


നാദാപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇയ്യങ്കോട് വീട് തകർന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്‌. ഇരുനില വീടിന്റെ ഒരുഭാഗം നിലംപതിച്ചു. കാപ്പാരോട്ട് മുക്കിലെ പൊയിൽ ശശിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടോടെയാണ് സംഭവം.

ശശിയും ഭാര്യ റീനയും മൂന്ന് കുട്ടികളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവെയാണ് അപകടം. വീടിന്റെ മുകൾഭാഗത്തുനിന്ന് ശബ്ദം കേട്ടതോടെ കുട്ടികളെയുംകൂട്ടി ശശിയും ഭാര്യയും മുൻഭാഗത്തെ മുറിയിലേക്ക് മാറിക്കിടന്നു. പിന്നീട് ചുമർ തകരുന്ന ശബ്ദം കേട്ട റീന നിലവിളിച്ചതോടെ കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി.

വീടിന്റെ തറഭാഗത്തുനിന്നാണ് ചുമർ തകർന്നത്. സമീപത്തെ ശുചിമുറിയുടെ മുകളിലേക്കാണ് വീട് തകർന്നുവീണത്. വീട് പൂർണ്ണമായും വാസയോ​ഗ്യമല്ലാതായി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി. കുടുംബം താൽക്കാലികമായി ബന്ധുവീട്ടിലേക്ക് മാറി.