വേനലാണ്; മൃഗങ്ങള്‍ക്കും നല്‍കാം പ്രത്യേക കരുതല്‍


കോഴിക്കോട്: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണത്തിന് കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജലം യഥേഷ്ടം ലഭ്യമാക്കണം. വായുസഞ്ചാരമുള്ള വാസസ്ഥലം ഒരുക്കണം. വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകരുത്. ധാതുലവണ മിശ്രിതം, വിറ്റാമിന്‍സ്, പ്രോബയോട്ടിക്‌സ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം.

ധാരാളമായി പച്ചപ്പുല്‍ നല്‍കണം. ഖര ആഹാരം അതിരാവിലെയും രാത്രിയുമാക്കുക. ഫാനുകള്‍ നിര്‍ബന്ധമാക്കുക. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കോവയ്ക്ക, ഫാഷന്‍ ഫ്രൂട്ട് എന്നിവ പടര്‍ത്തുന്നതും വൈക്കോല്‍ വിരിക്കുന്നതും ചൂട് കുറയ്ക്കും.

തളര്‍ച്ച, പനി, ഉയര്‍ന്ന ശ്വാസോച്ഛാസ നിരക്ക്, കിതപ്പ്, വായ തുറന്നുള്ള ശ്വസനം, വായില്‍നിന്ന് ഉമിനീര്‍, നുരയും പതയും, പൊള്ളിയ പാടുകള്‍ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റാല്‍ വെള്ളം ഒഴിക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കുകയും ചികിത്സതേടുകയും വേണമെന്ന് അറിയിപ്പില്‍ പറയുന്നു.