ഹണിട്രാപ്പ് മാതൃകയില്‍ കവര്‍ച്ച; കോഴിക്കോട് യുവതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍


കോഴിക്കോട്: ഹണിട്രാപ്പ് മാതൃകയില്‍ കവര്‍ച്ച നടത്തി പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ യുവതിയുള്‍പ്പെടെ രണ്ടുപേര്‍ കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍. അരീക്കാട് പുഴക്കല്‍വീട്ടില്‍ പി. അനീഷ (24), നല്ലളം ഹസ്സന്‍ഭായ് വില്ലയില്‍ പി.എ. ഷംജാദ് (26) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ടാക്കി ഹണിട്രാപ്പ് മാതൃകയില്‍ വിവിധയിടങ്ങളില്‍ വിളിച്ചുവരുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയാണ് പതിവ്. റെയില്‍വേസ്റ്റേഷനുസമീപം ആനിഹാള്‍ റോഡില്‍വെച്ച് കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട യുവാവിനെ യുവതിയെ കാണാന്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഒപ്പമുള്ള ഷംജാദുമായിച്ചേര്‍ന്ന് മര്‍ദിച്ചു സാധനങ്ങള്‍ കൈക്കലാക്കുകയായിരുന്നു.

സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാറില്ലെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ചെയ്ത എന്‍.ഡി.പി.എസ്. കേസില്‍ അടുത്തിടെയാണ് യുവതി ജാമ്യത്തിലിറങ്ങിയത്. ടൗണ്‍ എസ്.ഐ.മാരായ, എസ്. ജയശ്രീ, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ്‌കുമാര്‍, ഉദയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.