മലയോര ഹൈവേ: 28ാം മൈല്‍ മുതല്‍ പടിക്കല്‍വയല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തിക്ക് ടെന്‍ഡറായി; അനുവദിച്ചത് 41.25കോടി രൂപ


പേരാമ്പ്ര: മലയോര ഹൈവേയില്‍ തൊട്ടില്‍പ്പാലം-തലയാട് റൂട്ടില്‍ ഉള്‍പ്പെടുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ 28ാം മൈല്‍ മുതല്‍ പടിക്കല്‍വയല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തിക്ക് ടെന്‍ഡറായി. 6.79 കിലോമീറ്റര്‍ ദൂരമാണ് ഈ റീച്ചിലുള്ളത്. 41.25 കോടിയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുള്ളത്.

പ്രവൃത്തി ഉടന്‍തന്നെ തുടങ്ങാനാകുമെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പന്ത്രണ്ട് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മാണം. നിലവിലെ റോഡ് വീതികൂട്ടിയാണ് നിര്‍മ്മിക്കേണ്ടത്. ഈ ഭാഗത്ത് പാതയ്ക്കായി വേണ്ട സ്ഥലം സര്‍വേ നടത്തി അടയാളപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സ്ഥലംവിട്ടുനല്‍കാനുള്ള സ്ഥലമുടമകളുടെ സമ്മതപത്രം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച് കൈമാറിക്കഴിഞ്ഞാല്‍ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

28ാം മൈല്‍ മുതല്‍ പെരുവണ്ണാമൂഴിവരെ 15.65 കിലോമീറ്റര്‍ ദൂരത്ത് 71.94 കോടിയുടെ പ്രവൃത്തിയാണ് നടക്കേണ്ടത്. പെരുവണ്ണാമൂഴി മുതല്‍ മുള്ളന്‍കുന്നുവരെ 38.40 കോടിരൂപയുടെയും മുള്ളന്‍കുന്നുമുതല്‍ തൊട്ടില്‍പ്പാലംവരെ 29.77 കോടി രൂപയുടെയും പ്രവൃത്തികളാണ് ഇതിനുശേഷമുളള റീച്ചുകളില്‍ നടക്കേണ്ടത്.