ശിരോവസ്ത്രം അണിഞ്ഞെത്താൻ പറ്റില്ല, അത് യൂണിഫോമിന്റെ ഭാഗമല്ല,ഇവിടെ ഇങ്ങനെയാണ്; പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി വിദ്യാർത്ഥിനി. പ്ലസ് വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിനിയോടാണ് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.
ചോദിച്ചപ്പോൾ യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്നും ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമില്‍ മാറ്റം വരുത്താനാകില്ലെന്നും ആയിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. തട്ടമിടാന്‍ പറ്റില്ലെന്നാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു.
ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് സ്കൂളില്‍ താത്കാലിക അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥിനി സ്‌കൂള്‍ മാറാനുള്ള ശ്രമത്തിലാണ്. ഇന്ന് പ്ലസ് വൺ പ്രവേശനം ആരംഭിച്ച സാഹചര്യത്തിലാണ് പ്രശ്നമുയർന്നത്.