ഏത് കോഴ്സുകൾ തിരഞ്ഞെടുക്കാമെന്നതിൽ ഇനിയവർക്ക് ആശങ്കയില്ല;പേരാമ്പ്രയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കായി ഉപരിപഠന ദിശാബോധ ക്ലാസ്
പേരാമ്പ്ര: തുടർ പഠനത്തിന് കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നത് എല്ലാ കാലത്തും ആശങ്കയുളവാക്കുന്ന കാര്യമാണ്. വിദ്യാർത്ഥികളിലെ ഇത്തരം ആശങ്കകൾ പരിഹരിക്കാനായി പേരാമ്പ്രയിൽ ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു.
കേരള സർക്കാർ പട്ടിക വർഗ വികസന വകുപ്പാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികസന സമിതി ചെയർമാൻ കെ.സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രൈബൽ ഓഫീസർ എം.കെ മെഹറൂഫ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.രാജീവൻ, പട്ടിക വർഗ വികസന ഓഫീസ് കോഴിക്കോട് ഹെഡ് ക്ലർക്ക് എസ് പ്രീത, ദീപക് സുഗതൻ എന്നിവർ ക്ലാസുകൾ എടുത്തു.
പേരാമ്പ്ര ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫീസർ എ.ഷമീർ സ്വാഗതവും കമ്മിറ്റഡ് സോഷ്യൽ വർക്കർ നിജീഷ്മ നന്ദിയും പറഞ്ഞു. പേരാമ്പ്ര, കുന്നുമ്മൽ, ബാലുശ്ശേരി ബ്ലോക്കുകളിലെ 100 പട്ടിക വർഗ വിഭാഗം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.