സ്‌കൂള്‍ പരിസരത്തും വാഹനങ്ങള്‍ ചീറിപായുന്നു; കുറ്റ്യാടി വടയം സൗത്ത് എല്‍.പി. സ്‌കൂളിനുസമീപം അപകടങ്ങള്‍ തുടര്‍കഥ


കുറ്റ്യാടി: കുറ്റ്യാടി-തീക്കുനി-വടകര റോഡില്‍ വടയം സൗത്ത് എല്‍.പി. സ്‌കൂളിനുസമീപം അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. വാഹനങ്ങളുടെ അതിവേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് വര്‍ധിച്ച അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഞായറാഴ്ചയും ടിപ്പറിടിച്ച് എട്ടുവയസുകാരന്‍ മുഹമ്മദ് അഫ്‌നാന്‍ അതിദാരുണമായി മരിച്ചിരുന്നു.

റോഡ് മുറിച്ച് കടക്കുകയായിരുന്ന അഫ്നാനെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അടുത്തകാലത്ത് നിരവധി ജീവനുകളാണ് സ്‌കൂളിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ റോഡില്‍ പൊലിഞ്ഞത്. വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും മറിയുന്നതും പതിവാണ്. അടുത്തിടെ പതിനഞ്ചോളം അപകടങ്ങളുണ്ടായി. അപകടങ്ങളും, മരണങ്ങളും നിത്യസംഭവമാകുന്ന റോഡില്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും റോഡില്‍കൂടി കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ വരമ്പുകള്‍ സ്ഥാപിക്കണമെന്നും സ്‌കൂള്‍ പി.ടി.എ. ആവശ്യപ്പെട്ടു.