കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ച് ഡ്രൈവറായ കൂരാച്ചുണ്ട് സ്വദേശി റഷീദ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയില്‍ സര്‍ക്കാറിനോട് വിശദീകരണം തേടി കോടതി


2021 ഒക്ടോബര്‍ ആറിന് രാത്രിയാണ് റഷീദ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരിയില്‍ നിന്നും ഓട്ടോറിക്ഷയുമായി കൂരാച്ചുണ്ടിലേക്ക് വരുന്നതിനിടെ കട്ടിപ്പാറക്കടുത്ത് ചെമ്പ്രക്കുണ്ടയില്‍വെച്ച് കാട്ടുപന്നി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഡ്രൈവറായിരുന്ന റഷീദിന് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സക്കിടെയാണ് റഷീദ് മരണപ്പെട്ടത്.

അപകടത്തില്‍ റഷീദിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.

റഷീദിന്റെ ചികിത്സാ ചെലവിനായി കുടുംബാംഗങ്ങള്‍ അപേക്ഷയുമായി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ നിരവധി തവണ സമീപിച്ചെങ്കിലും പന്നി ഇടിച്ചല്ല ഓട്ടോ മറിഞ്ഞതെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. വാഹനത്തില്‍ പന്നിയുടെ രോമമില്ലെന്നും അതിനാല്‍ കാട്ടുപന്നിയുടെ ആക്രമണത്താലല്ല അപകടം നടന്നത് എന്നുമുള്ള വിചിത്രവാദമാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അന്ന് ഉയര്‍ത്തിയത്.

അവകാശപ്പെട്ട നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടതിനെതിരെ വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ റഷീദിന്റെ മൃതദേഹവുമായി താമരശ്ശേരി റേഞ്ച് ഓഫിസ് ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് കോഴിക്കോട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ഈ കേസില്‍ താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുകയും കാട്ടുപന്നി ഇടിച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞതെന്ന് സ്ഥിരീകരിക്കുകയുമുണ്ടായി. നഷ്ടപരിഹാരത്തുക മുടക്കുന്നതായി ആരോപിച്ച് റേഞ്ച് ഓഫിസറുടെ വീട്ടുപടിക്കലടക്കം കര്‍ഷക സംഘടനകള്‍ സമരം നടത്തി. അപേക്ഷ ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിച്ചിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.