ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിഴ പേടിക്കാതെ വെയിലിനെ പേടിക്കാതെ കൂളായി യാത്ര ചെയ്യാം; വാഹനങ്ങളില്‍ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്


കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എ.നഗരേഷ് വ്യക്തമാക്കി.

കൂളിങ് ഫിലം നിര്‍മ്മിക്കുന്ന കമ്പനി, കൂളിങ് ഫിലം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റി ഗ്ലാസിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പിന്‍ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.

Description: High Court relaxes sun film on vehicle glasses