ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാകാം ഈ ലക്ഷണങ്ങള്‍ക്ക് കാരണം; അവണിക്കല്ലേ, കൃത്യമായ രോഗപ്രതിരോധത്തിലൂടെ അപകട സാധ്യത ഇല്ലാതാക്കാം


തൊരു കുടുംബത്തെയും ബാധിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഇക്കാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഈ രോഗാവസ്ഥ ഉണ്ടെന്ന് തിരിച്ചറിയാന്‍ വൈകുന്നതാണ് ഏറ്റവും ദോഷകരം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഡോക്ടര്‍മാര്‍ സൈലന്റ് കില്ലര്‍ എന്ന് വിളിക്കാറുണ്ട്. ഇതുള്ളവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്കും തങ്ങള്‍ക്ക് ഈ ആരോഗ്യപ്രശ്‌നമുണ്ടെന്ന് മനസിലായെന്ന് വരില്ല. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗുരുതരമാകുന്നതുവരെ ഇതിന് പ്രത്യേകിച്ച് ലക്ഷണമൊന്നുമുണ്ടാവാറില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തിരിച്ചറിയാനുള്ള ഏറ്റവും നല്ല വഴി ഇടയ്ക്കിടെ പരിശോധന നടത്തുകയെന്നതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളയാളുകള്‍ അതിന്റേതായ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. രക്തസമ്മര്‍ദ്ദം ഒരു പരിധിയിലും കൂടിയാലാണ് ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

അസഹനീയമായ തലവേദന
മൂക്കില്‍ നിന്നും രക്തംവരിക
ക്ഷീണവും ആശയക്കുഴപ്പവും
കാഴ്ച തകരാറുകള്‍
നെഞ്ചുവേദന
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ക്രമമല്ലാത്ത ഹൃദയസ്പന്ദനം
മൂത്രത്തില്‍ രക്തം
ഉറങ്ങാനുള്ള ബുദ്ധിമുട്ട്

ശരീരത്തില്‍ നോര്‍മലായ ബ്ലഡ് പ്രഷര്‍ 120/80 എം.എം എച്ച്.ജി ആണ്. അത് 140/90 ആയാലും കൂടുതലാണ്. ഇതിലും ഉയരുമ്പോഴാണ് മിക്കപ്പോഴും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ഇത് അവഗണിച്ചാല്‍ സ്‌ട്രോക്കിനും കാഴ്ചശക്തി നഷ്ടമാകാനുമൊക്കെ കാരണമായേക്കാം.