ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി മോഷണം നടത്തുന്ന ഹൈടെക് കള്ളൻ; തോട്ടിൽപ്പാലം കാവിലുംപാറ സ്വദേശി പോലീസ് പിടിയിൽ
വടകര: ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്ന യുവാവ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിൽ. തൊട്ടില്‍പ്പാലം കാവിലുപാറ സ്വദേശി സനീഷ് ജോര്‍ജ്ജാണ് പോലീസ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ കാസര്‍കോട് പൊലീസിന്റെ പിടികൂടിയത്.
കാസര്‍കോട് കോടതി കോംപ്ലക്സിലെ മോഷണ ശ്രമത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. കള്ളന്‍ കോടതിയില്‍ കയറിയെങ്കിലും അപ്പോഴേക്കും വാച്ച്‌മാന്‍ അറിഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയായ സനീഷ് ജോര്‍ജ്ജ് എന്ന സനല്‍ ആണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
കോടതികള്‍, പോസ്റ്റ്‌ഓഫീസുകള്‍, സ്കൂളുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഈ 44 വയസുകാരന്‍റെ രീതി. പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്. ഹൊസ്ദുര്‍ഗ്, സുല്‍ത്താന്‍ബത്തേരി, നാദാപുരം കോടതികളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇത്തരത്തിലുള്ള 15 കേസുകളില്‍ പ്രതിയാണ് സനീഷെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.