ഇവിടെ സൗഹൃദത്തിന്റെ നൂറുമേനി കൊയ്യും, പോക്ലാറത്ത് താഴെ വയലിൽ ഒരു സംഘം സുഹൃത്തുക്കൾ ചേർന്ന് നെൽകൃഷിയിറക്കി; വേറിട്ട ആശയത്തിന് പിന്നിലുള്ളത് ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
ആയഞ്ചേരി: പഴയ സൗഹൃദം ഇന്നും നിലനിർത്താൻ പല വഴികളുണ്ട്. വാട്സ് ആപ്പിലൂടെയും, ഫോൺകോളിലൂടെയും എല്ലാം ആ സൗഹൃദം നിലനിർത്താം. പക്ഷെ പുതുവഴി തേടിയിരിക്കുയാണ് ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ 98 ബാച്ചിലെ ഒരു കൂട്ടം യുവതി യുവാക്കൾ. അന്യം നിന്ന് പോകുന്ന കാർഷിക രംഗത്തേക്കാണ് ഇവർ ഇറങ്ങിയിരിക്കുന്നത്. കൃഷിയിൽ നൂറുമേനി വിളവ് കൊയ്യുക എന്നതിലുപരി സൗഹൃദത്തിലും നൂറുമേനി വിജയമാണ് ഇവരുടെ ലക്ഷ്യം.
പോക്ലാറത്ത് താഴെ വയലിലാണ് നെൽവിത്തിറക്കിയത്. 5 ഏക്കറോളം വരുന്ന വയൽ കൃഷിക്കായി സംഘം പാട്ടത്തിനെടുത്തതാണ്. സുഹൃത്ത് സംഘത്തിലൊരാളും യുവ കർഷകനുമായ മുഹമ്മദിന്റെ നേതൃത്തത്തിലാണ് പാടത്ത് വിത്ത് ഇറക്കിയത്. കുഞ്ഞുനാളിലെ കൃഷിയെ കുറിച്ചുള്ള അറിവുകൾ കരസ്ഥമാക്കിയ മുഹമ്മദ് എല്ലാ വർഷവും കൃഷിയിറക്കാറുണ്ട്. കൃഷിയിലെ തൻ്റെ അറിവ് സുഹൃത്തുകൾക്കും പകർന്നു നൽകുകയാണ്.
പ്രവാസ ജീവിതം നയിക്കുന്നവരും കൂട്ടായിമയിൽ പങ്കാളികളാണ്. സുഹൃത്തുക്കൾക്ക് ഒന്നിച്ച് കൂടാനും സൊറ പറയാനും ഈ കൃഷിയിടം വഴിമാറുന്നുണ്ടെന്ന് ഇവർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സുനിൽ, ഫൈസൽ പൈങ്ങോട്ടായി, റിനീഷ്, സലീഷ് കണ്ണൻ, റിയാസ്, കരീം പിലാക്കി, നസീമ, ഷംസി, സമീറ, അസ്ഹർ, ലത്തീഫ്,സുബെർ, ഖാദർ തുടങ്ങിയവരാണ് കൃഷിയുമായി മുന്നിട്ടിറങ്ങിയത്.