എല്ലാ വാർഡിലും അടിയന്തര ഗ്രാമസഭകൾ, സാറ്റലൈറ്റ് മാപ്പ് തയ്യാറാക്കും, ഹെൽപ്പ് ഡെസ്ക് ചുമതല വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്; ബഫർ സോൺ പ്രശ്ന പരിഹാരത്തിനൊരുങ്ങി ചക്കിട്ടപാറ പഞ്ചായത്ത്


പേരാമ്പ്ര: ബഫർസോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചക്കിട്ടപ്പാറയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ബഫർ സോണുമായി ബന്ധപ്പെട്ട പഞ്ചായത്ത് ആരംഭിച്ച ഹെൽപ്പ് ഡെസ്ക് ചുമതല വില്ലേജ്,വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാനും എല്ലാ വാർഡുകളിലും അടിയന്തര ഗ്രാമസഭകൾ വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു.

പഞ്ചായത്തിൽ വന മൃഗസങ്കേതത്തിൽ നിന്നും ഒരു കിലോമീറ്റർ വരുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്താൻ പഞ്ചായത്തിന്റെ സാറ്റലൈറ്റ് മാപ്പ് തയ്യാറാക്കും. ബഫർ സോൺ നിർണയിച്ചാൽ പഞ്ചായത്ത് നേരിടുന്ന അവസ്ഥ ബോധ്യപ്പെടുത്താൻ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.

പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് കെ.സുനിൽ അധ്യക്ഷനായി വൈസ് പ്രസിഡൻറ് ചിപ്പി മനോജ് സ്ഥിരം സമിതി അധ്യക്ഷരായ സി കെ ശശി ബിന്ദു വത്സൻ ശ്രീജിത്ത് പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ വി ബിജു വില്ലേജ് ഓഫീസർമാരായ അബ്ദുൽസലാം, സുധി എന്നിവരും പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ പഞ്ചായത്ത് അംഗങ്ങളായ എം എം പ്രദീപൻ, ബിന്ദു സജി, വിനിഷ, ജിതേഷ് മുതുകാട് തുടങ്ങിയവരും സുസാരിച്ചു.