അഴിയൂർ കഴിഞ്ഞാൽ ഇനി ഹെൽമെറ്റ് എടുത്തുമാറ്റുന്ന ഏർപ്പാടുവേണ്ട; മാഹിയിൽ ജനുവരി 1 മുതൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധം


മാഹി: അഴിയൂർ കഴിഞ്ഞാൽ ഹെൽമെറ്റ് എടുത്തുമാറ്റി ബൈക്കിൽ തൂക്കിയിടുന്ന ഏർപ്പാട് സ്ഥിരം കണ്ടുവരുന്ന കാഴ്ചയാണ്. ഈ രീതി ഇനി നടപ്പാകില്ല. കേരളത്തിൽ മാത്രമല്ല പുതുച്ചേരി സംസ്ഥാനത്തും ഹെൽമെറ്റ് നിർബന്ധമാക്കുന്നു. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

നിയമം കർശനമാക്കുന്നതിന്റെ ഭാ​ഗമായി 2025 ജനുവരി 01 മുതൽ മാഹി, പള്ളൂർ, പന്തക്കൽ തുടങ്ങിയവിടങ്ങളിൽ പരിശോധന നടക്കും. വിദ്യാർഥികൾക്ക് ഉൾപ്പടെയുള്ളവർക്ക് ട്രാഫിക് പോലീസ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ മേൽ 1000 രൂപ പിഴ ചുമത്തും. മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും സർക്കാർ ഉത്തരവിൽ പറയുന്നു.