ഗതാഗതക്കുരുക്ക് രൂക്ഷം; വില്യാപ്പള്ളി ടൗണിൽ ബസുകളിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വില്ല്യാപ്പള്ളി: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ വില്യാപ്പള്ളി ടൗണിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തണ്ണീർപ്പന്തൽ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ അൽഹിന്ദ് ട്രാവൽസ് ഷോപ്പിനു മുന്നിലും, വടകര ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വിഎം കോംപ്ലക്സിന് മുന്നിലും നിർത്തി യാത്രക്കാരെ ഇറക്കണം. കൂടുതൽ സമയം ബസ്സുകൾ ഈ സ്റ്റോപ്പുകളിൽ നിർത്തിയിടരുത്.

അൽ ഹിന്ദ് ട്രാവൽസ് ഷോപ്പ് മുതൽ പോസ്റ്റ് ഓഫീസ് വരെ ടൗണിൽ ഇരുവശവും പാർക്കിംഗ് അനുവദിക്കില്ല. പോസ്റ്റോഫീസ് മുതൽ വടകര ഭാഗത്തേക്കും അൽ ഹിന്ദ് ട്രാവൽസ് ഷോപ്പ് മുതൽ ആയഞ്ചേരി റോഡ് വരെയുള്ള ഒരു വശം മാത്രമാണ് പാർക്കിംഗിനു അനുമതി. ചരക്ക് വാഹനങ്ങളിൽ രാവിലെ 8.30 മുതൽ 10.30 വരെയും വൈകുന്നേരം നാലു മുതൽ 5.30 വരെയും കയറ്റിറക്ക് പാടില്ലെന്നും തീരുമാനിച്ചു.

കൊളത്തൂർ റോഡിൽ ഓട്ടോറിക്ഷ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത് ഖാദർ ഡോക്ടറുടെ വീട് കഴിഞ്ഞുള്ള ഭാഗത്താണ്. കൊളത്തൂർ റോഡിൽ ഒരു വശം മാത്രമാണ് പാർക്കിംഗ് അനുമതി നൽകിയിരിക്കുന്നത്. ആഗസ്റ്റ് 27ന് വില്യാപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനമെടുത്തത് . ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ പോലീസുകാരുടെ സേവനം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

Description: Heavy traffic congestion; Arrangements have been made for alighting of passengers from buses and parking of vehicles at Vilyapally town