കനത്ത മഴ: കല്ലാച്ചിയില്‍ വീട് തകർന്നുവീണു, വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു


നാദാപുരം: കനത്ത മഴയില്‍ കല്ലാച്ചിയില്‍ വീട് തകർന്നുവീണു. ജിസിഐ റോഡില്‍ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയില്‍ തകര്‍ന്നത്.

രാത്രി 11മണിയോടെയായിരുന്നു അപകടം. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാനായി കിടന്നപ്പോഴായിരുന്നു ചുമരിന്റെ ഒരു ഭാഗം പൊട്ടുന്ന ശബ്ദം കേട്ടത്. ഇതോടെ നാണുവും കുടുംബവും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവരുടെ നിലവിളി ശബ്ദം കേട്ടതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര അടക്കം മുഴുവനായും നിലംപൊത്തിയ അവസ്ഥയിലാണ്. അപകടത്തെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് ഇന്നലെ തന്നെ താമസം മാറ്റി. വാര്‍ഡ് മെമ്പര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.