കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി വീണു, പേരാമ്പ്ര മേഖലയിൽ വ്യാപക നാശം (ചിത്രങ്ങൾ കാണാം)


പേരാമ്പ്ര: കനത്തമഴയിൽ പേരാമ്പ്ര ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

കൈതക്കൽ മുതുവോട്ട് മീത്തൽ ബാബുവിന്റെയും ചെറുവണ്ണൂർ പഞ്ചായത്തിലെ ചപ്പങ്ങയുള്ള പറമ്പിൽ ദാമോധരന്റെയും വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണത്. കുത്താളി ഗ്രാമ പഞ്ചായത്ത്‌ 11-ാം വാർഡിൽവടക്കെ വെള്ളപ്പാറക്കൽ നാരായണന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് നാശനഷ്ട്ടം സംഭവിച്ചു. വൈകുന്നേരം 5 മണിയോടെയാണ് സംഭവം.

കാലവർഷക്കെടുതിയിൽ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ചേനായി എം.ഐ.എസ്.എം മദ്രസയുടെ അടുത്ത് താമസിക്കുന്ന കുഞ്ഞാറമ്പത്തു മൊയ്തു ഹാജിയുടെ പറമ്പിൽ നിന്നാണ് മരം റോഡിലേക്ക് വീണത്. തുടർന്ന് പേരാമ്പ്ര ഫയർ ഫോഴ്സെത്തി റോഡിൽ വീണു കിടന്ന മരം മുറിച്ചു മാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

ശക്തമായ മഴയിലും കാറ്റിലും നരക്കോട് ഇരിങ്ങത്ത് റോഡില്‍ തെങ്ങ് കുറുകെ വീണ് അപകടം. പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുത ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്ഥിരമായി വാഹനങ്ങള്‍ കടന്ന് പോവുന്ന പാതയാണെങ്കിലും ആ നിമിഷത്തില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ഇബി വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് അപകടം ഒഴിവാത്തുകയായിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തെങ്ങ് മുറിച്ചു മാറ്റി. ഗതാഗതവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചു.

Summary: Heavy rains and winds: widespread damage in Perambra region