അതിശക്തമായ മഴ തുടരും; കോഴിക്കോട് ഉൾപ്പടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്,കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത,


തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ -വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ അതിശക്തമായ മഴക്കും, ജൂലൈ 30 മുതൽ ആഗസ്റ്റ് 03 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.