മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ


വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ. ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ നിലം പൊത്തി. നേരത്തെ ബ്രദേഴ്സ് ബസ് സ്റ്റോപ് നിലനിന്നിരുന്ന സ്ഥലത്ത് പെട്രോൾ പമ്പിന് സമീപത്തായാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ പെയത് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും മണ്ണിനൊപ്പം താഴേക്ക് വീണു. ദേശീയപാതയിലേക്കാണ് മണ്ണും ഇലക്ട്രിക് പോസ്റ്റും വീണതെങ്കിലും ആർക്കും പരിക്കില്ല. മണ്ണിച്ചിലിനെ തുടർന്ന് അപകടഭീതി മനസ്സിലാക്കാൻ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി മാറ്റി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകൾ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ മാറ്റാൻ തയ്യാറായിരുന്നില്ല. ഈ പോസ്റ്റുകളാണ് മണ്ണിടിച്ചിലിൽ നിലം പൊത്തിയത്. മറ്റ് പോസ്റ്റുകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്.

ഇന്നലെ വെെകീട്ട് നേരിയ തോതിൽ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. ഇന്ന് രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. മണ്ണിടിഞ്ഞതിന് സമീപത്തായി നിരവധി വീടുകളുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലർ പി രജനി വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ വിണ്ട് കീറിയ നിലയിലാണ്. കാലവർഷം ശക്തമാവുന്നതോടെ മണ്ണിടിച്ചിൽ ശക്തമാവാൻ സാധ്യത കൂടുതലാണ്. നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയപാതയോട് ചേർന്നാണ് മണ്ണിടിച്ചിലുണ്ടായത്.

ദേശീയപാതയ്ക്കായി വലിയ ഉയരത്തിൽ മണ്ണെടുത്തത് പ്രദേശവാസികൾക്ക് ഭീഷണിയായിരുന്നു. ഇതിനെ തുടർന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് എംഎൽഎ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ വേണ്ട രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടത്താതെ പണി തുടർന്നതാണ് മണ്ണിടിയാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

മഴ ഇനിയും തുടർന്നാൽ മണ്ണ് വീണ്ടും ഇടിയുമോ എന്ന പേടിയിലാണ് പ്രദേശവാസികൾ. പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.