കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍


വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്.

പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്‌. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുയാണ്. കുട്ടോത്ത് ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിലെ റോഡുകള്‍ വെളളത്തില്‍ മുങ്ങിയിരിക്കുകയാണ്‌

മേപ്പയില്‍ ഭാഗത്ത് കൊയിലോത്ത് വയലില്‍ പ്രദേശത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ ചുറ്റും വെള്ളമാണ്. വീട്ടുകാര്‍ക്ക് പുറത്തേക്ക് പോവാനും മറ്റും ബുദ്ധിമുട്ടാണ്. മഴക്കാലത്ത് എപ്പോഴും ഈ പ്രദേശത്ത്‌ വെള്ളം കയറാറുണ്ട്. കനത്ത മഴ തുടര്‍ന്നാല്‍ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാറാണ് പതിവ്.