ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരും, കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളാണ് മറ്റുള്ളവ. ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് കാലവര്‍ഷം പൊതുവെ ദുര്‍ബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനമാണ് നിലവില്‍ മഴ ശക്തമാകാന്‍ കാരണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മലയോര മേഖലയിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.