മഴക്കെടുതി തുടരുന്നു; ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; കക്കയം പ്രദേശത്തും ജാഗ്രതാ നിര്‍ദ്ദേശം


പേരാമ്പ്ര: കനത്ത മഴയില്‍ പേരാമ്പ്രയിലെ പല ഭാഗങ്ങളിലും ജനങ്ങള്‍ ദുരിതത്തില്‍. കക്കയം ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വൈകീട്ട് ആറുമണിയോടെ രണ്ട് ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക്ക് മീറ്റര്‍ വെള്ളം ഒഴുക്കി വിടാന്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന കുറ്റ്യാടിപ്പുഴയുടെ
തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

 

ശക്തമായി തുടരുന്ന മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരി താലൂക്കിലെ ഒന്നും കൊയിലാണ്ടി താലൂക്കിലെ ഒന്നും വടകര താലൂക്കിലെ രണ്ടും വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.

രാരോത്ത് വില്ലേജില്‍ മാടത്തില്‍ ഉണ്ണിയുടെ വീട് ഭാഗികമായി തകര്‍ന്നു. ചോറോട് വില്ലേജിലെ മത്തത്ത് പാലം, മൂസപ്പാലം, പുഞ്ചപ്പാലം എന്നിവയുടെ സമീപപ്രദേശത്ത് വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. വാര്‍ഡ് 12ല്‍ എട്ട് കുടുംബം, വാര്‍ഡ് 13ല്‍ 15കുടുംബം, വാര്‍ഡ് 11ല്‍ മൂന്ന കുടുംബം, വാര്‍ഡ് നാലില്‍ അഞ്ച് കുടുംബം എന്നിങ്ങനെ ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.

 

വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.