കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ മേഖലയില്‍ കനത്ത മഴ; കക്കയം ഡാം സൈറ്റ് റോഡ് മഴയില്‍ തകര്‍ന്നു


പേരാമ്പ്ര: പേരാമ്പ്രയുടെ മഴയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയിലെ മഴയില്‍ കക്കയത്തുനിന്നും ഡാം സൈറ്റിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. രാവിലെ ജോലിക്കെത്തിയവരാണ് റോഡ് ഇടിഞ്ഞതായി കണ്ടത്. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്.

ഡാം സൈറ്റിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണമായി തകരാനുള്ള സാധ്യതയുണ്ട്.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് കക്കയം അമ്പലക്കുന്ന് കോളനിയിലെ പതിനൊന്ന് കുടുംബങ്ങളെ കക്കയം ജി.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മൂന്ന് കുടുംബങ്ങള്‍ ക്യാമ്പിലേക്ക് വരാന്‍ തയ്യാറായില്ല. കിടപ്പ് രോഗിയുള്ള ഒരു കുടുംബവും നിലവില്‍ കോളനിയില്‍ തന്നെയാണ് താമസിക്കുന്നത്.

കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ മേഖലയില്‍ ഇന്നും മഴ തുടരുകയാണ്. ദുരന്തസാധ്യതകള്‍ മുന്നില്‍ കണ്ട് കലക്ടറുടെ നിര്‍ദേശ പ്രകാരം പ്രശ്‌നസാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ കഴിഞ്ഞദിവസങ്ങളില്‍ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.