ദുരിതപ്പെയ്ത്ത് തുടരുന്നു; മേപ്പയ്യൂരിൽ കനത്ത മഴയിൽ വീട് തകർന്നു


മേപ്പയ്യൂർ: കനത്ത മഴയെ തുടർന്ന് മേപ്പയൂരിൽ വീട് ഭാ​ഗികമായി തകർന്നു. പഞ്ചായത്തിലെ 17-ാം വാർഡിൽ കുരുടൻ ചേരി കെ.സി.കുഞ്ഞമ്മതിൻ്റെ വീടിൻ്റെ അടുക്കള ഭാഗമാണ് കനത്ത മഴയിൽ തകർന്നു വീണത്. ഇന്ന് പുലർച്ചെയാണ് സംഭവം.

അപകടത്തിൽ ആളപായമില്ല. മഴയിൽ തകർന്നുവീണ അടുക്കള ഭാ​ഗം നവീകരികുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രണ്ടുദിവസമായി കനത്ത മഴയാണ് ജില്ലയിലുടനീളം. ദുരിതപ്പെയ്ത്തിൽ നിരവധി സ്ഥലങ്ങളിൽ നാശ നഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം കടപുഴകി വീണ് കൊഴുക്കല്ലൂർ, ചെറുവണ്ണൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വീടുകൾ ഭാ​ഗികമായി തകർന്നു. കടന്തറ പുഴ കരകവിഞ്ഞതിനെ തുടർന്ന് ചക്കിട്ടപാറയിലെ ചെമ്പനോട ഇല്ലിക്കൽ ഹൗസിം​ഗ് കോളനിയിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റിനൊപ്പം കെ.സി.കുഞ്ഞമ്മതിൻ്റെ വീട് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് അസി.സെക്രട്ടരി എ.സന്ദീപ്, വികസന സമതികൺ വീനർ കെ.കെ.സുനിൽകുമാർ എന്നിവർ സന്ദർശിച്ചു.