മഴ ശക്തിപ്രാപിച്ചു; പുഴ കരകവിഞ്ഞു; ദുരിതത്തിലായി പുഴയോരവാസികള്‍
പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍. പുഴകള്‍ കരകവിഞ്ഞൊഴുകി പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറുകയും ഗതാതതം തടസപ്പെടുകയും ചെയ്തു.
പെരുവണ്ണാമുഴി -ചെമ്പനോട റോഡില്‍ ഫോറസ്റ്റ് ഓഫീസിനടുത്തുള്ള ചെറിയപാലം വെള്ളം കയറി മുങ്ങിയതിനാല്‍ ചെമ്പനോട- പൂഴിത്തോട് ഭാഗത്തേക്ക് പോകണ്ട യാത്രക്കാര്‍ ദുരിതത്തിലായി. ഇതുവഴിപോകേണ്ട യാത്രക്കാര്‍ ഇനി കൂവപ്പോയില്‍ പന്നിക്കോട്ടൂര്‍ താമരമുക്ക് വഴി പോകേണ്ടതാണ്. ഇവിടം ഇന്ന് രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സന്ദര്‍ശിച്ചു.
കനത്ത മഴയില്‍ കടന്തറപ്പുഴ കരകവിഞ്ഞതോടെ ചക്കിട്ടപ്പാറ ഗ്രാമത്തിലെ ചെമ്പനോട ഇല്ലിക്കല്‍ ഹൗസിംഗ് കോളനിയിലും വെള്ളം കയറി. കോളനിയില്‍ 13 വീടുകളാണുള്ളത്. ഇതില്‍ ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ തുടരുകയാണെങ്കില്‍ 6 കുടുംബങ്ങളെ കൂടി മാറ്റി താമസിപ്പിക്കുമെന്നും പറഞ്ഞു.
കാലവര്‍ഷം ശക്തിപ്പെട്ട് പുഴയിലെ വെള്ളക്കുത്ത് നിയന്ത്രണാതീതമായതോടെ മരുതോങ്കര മണ്ണൂര്‍ മുറിച്ചോര്‍മണ്ണില്‍ വ്യാപകരീതിയില്‍ പുഴത്തീരം ഇടിഞ്ഞിട്ടുണ്ട്.