കനത്ത മഴ: നാദാപുരം ടൗണില്‍ കെട്ടിടം തകര്‍ന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്


നാദാപുരം: കനത്ത മഴയില്‍ നാദാപുരത്ത് കെട്ടിടം തകര്‍ന്നു വീണു. ടൗണില്‍ വടകര റോഡിലെ ഇരുനില ഓട് മേഞ്ഞ ഉപയോഗ ശൂന്യമായ കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് ടൗണില്‍ ആള്‍തിരക്ക് ഇല്ലാത്തതിനാലും റോഡിലേക്ക് കെട്ടിടം വീഴാതിരുന്നതിനാലും വന്‍ അപകടമാണ് ഒഴിവായത്. കാലങ്ങളായി ഈ കെട്ടിടം പൂട്ടികിടക്കുകയാണ്‌.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷൻ ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി ബിജു, കെ.ബി സുകേഷ്, എ.കെ ഷിഗിൻ ചന്ദ്രൻ, കെ.കെ ശിഖിലേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എം സജീഷ് എന്നിവർ അടങ്ങുന്ന സംഘം സംഭവ സ്ഥലത്ത് എത്തി. കൂടുതൽ അപകടം ഇല്ലാതിരിക്കാൻ കെട്ടിടം സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.