കനത്ത മഴ: കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം, എട്ട് വീടുകള്‍ തകര്‍ന്നു


കുറ്റ്യാടി: ഇന്നലെ ഉച്ചയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കുറ്റ്യാടി വേളം കുറിച്ചകം കൂളിക്കുന്ന് മേഖലയില്‍ എട്ട് വീടുകള്‍ തകര്‍ന്നു. കായക്കൊടി, കാവിലുംപാറ പ്രദേശത്തും ശക്തമായ മഴയായിരുന്നു പെയ്തിരുന്നത്.

കുറിച്ചകം ചിറയ്ക്കല്‍ മീത്തല്‍ കുമാരന്‍, എടത്തും പൊയില്‍ ശാന്ത, കണിശന്റെ ചാലില്‍ പൊക്കന്‍, പി.എം ബാബു, പോതിക്കണ്ടി ഗോപാലന്‍, പിലാത്തോടി ആശോകന്‍, ചിറയ്ക്കല്‍ അബ്ദുള്ള എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

കാവിലുംപാറ ബെല്‍മൗണ്ടില്‍ മേലെ പീടികയില്‍ അലി, നീലിയോട് ശശി, പറമ്പാട്ട് രാജു, പുതുക്കാട് അരവിന്ദന്‍, കുരുടന്‍ കടവിലെ ചിറക്കല്‍ ആന്‍സണ്‍, ചിറയ്ക്കല്‍ വിത്സന്‍ എന്നിവരുടെ വീടിനു മുകളില്‍ മരം കടപുഴകി വീണ് വീട് പൂര്‍ണമായും തകര്‍ന്നു.

മിന്നലേറ്റ് ചിറക്കല്‍ വിത്സണിന്റെ സങ്കരയിനം പശു ചത്തു. വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.
കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂരിലെ വണ്ണാത്തിപ്പൊയില്‍ മാധവിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

തൊട്ടില്‍പ്പാലം മുള്ളന്‍ കുന്ന് റോഡില്‍ മരം പൊട്ടിവീണ് ആറ് വൈദ്യുതിക്കാലുകള്‍ തകര്‍ന്നു.