കനത്ത മഴയും കാറ്റും; ആയഞ്ചേരിയില്‍ വ്യാപക നാശം, മംഗലാട് മരം പൊട്ടി വീണ് സ്‌ക്കൂട്ടര്‍ തകര്‍ന്നു, തെങ്ങ് പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു


ആയഞ്ചേരി: ഞായറാഴ്ച രാവിലെ വീശിയടിച്ച കാറ്റിലും മഴയിലും ആയഞ്ചേരിയില്‍ വ്യാപക നാശം. മംഗലാട് മരം പൊട്ടി വീണ് സ്‌ക്കൂട്ടര്‍ തകര്‍ന്നു. വലിയപറമ്പത്ത് മുസ്തഫയുടെ സ്‌ക്കൂട്ടറാണ് തകര്‍ന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുസ്തഫ സ്‌ക്കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് കയറിയ ഉടനെ തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും മുസ്തഫ രക്ഷപ്പെട്ടത്.

രാവിലെ വീശിയടിച്ച കാറ്റില്‍ മംഗലാട് പള്ളിക്കുനി ആയിഷയുടെ വീടിന്റെ മുകളില്‍ തെങ്ങ് പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു. അപകടസമയത്ത് വീട്ടുകാര്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ ശക്തമായ കാറ്റില്‍ തെങ്ങ് പുറത്തേക്ക് തെന്നിമാറിയതിനാല്‍ ആര്‍ക്കും പരിക്കുകകളില്ല.

അപകടങ്ങളുണ്ടായ സ്ഥലം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ പരാതി നല്‍കുമെന്ന് മെമ്പര്‍ പറഞ്ഞു. പനയുള്ളതിൽ അമ്മത് ഹാജി, ഇബ്രാഹിം പള്ളിക്കുനി, എം.എം മുഹമ്മദ്, പട്ടേരിമലയിൽ ഇജാസ്, അസീസ് കൊക്കമ്മൽ, മാവുള്ളതിൽ അബ്ദുറഹിമാൻ, തയ്യുള്ളതിൽ ഉബൈദ് മാസ്റ്റർ, ടി.പി പോക്കർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.