കനത്ത മഴയും കാറ്റും, തെങ്ങുകള്‍ പൊട്ടിവീണു; വടകരയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശം


വടകര: ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വടകര, മണിയൂര്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ വ്യാപക നാശം. കീഴല്‍, മുടപ്പിലാവില്‍ പ്രദേശങ്ങളില്‍ മരച്ചില്ലകള്‍ വൈദ്യുത കമ്പികളില്‍ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ചെരണ്ടത്തൂരില്‍ തെങ്ങ് വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിന് മുകളിലേക്ക് വീണ് ഷീറ്റ് തകര്‍ന്നു. തെക്കെപറമ്പത്ത് ഹമീദിന്റെ വീട്ടിലാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മാത്രമല്ല മറ്റൊരു തെങ്ങ് പൊട്ടി വൈദ്യുത കമ്പിയില്‍ വീണ് വൈദ്യുതി തടസ്സപ്പെട്ടു.

മണിയൂര്‍ പഞ്ചായത്തിലെ മിക്കയിടത്തും ഇന്നലെ കനത്ത മഴയുണ്ടായിരുന്നു. എളമ്പിലാട് രാം നിവാസില്‍ കെ.കെ ബാലന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. അപകടത്തില്‍ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. മുടപ്പിലാവില്‍ പുല്ലേരിക്കണ്ടിയില്‍ മാധവി അമ്മയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു.

Description: Heavy rain and wind, Severe damage in Vadakara and surrounding areas