കനത്ത മഴയും കാറ്റും; കായക്കൊടി തളീക്കരയില്‍ കാറിന് മുകളില്‍ മരം വീണു, ചങ്ങരംകുളം റോഡില്‍ തേക്ക് ലൈനില്‍ വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു


കായക്കൊടി: ഇന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം. കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇന്ന് ഉച്ചയോടെ വീശയടിച്ച കാറ്റില്‍ നിർത്തിയിട്ട കാറിന് മുകളില്‍ മരം വീണു.

11മണിയോടെ ടൗണിലെ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കാറിനുള്ളില്‍ അപകടസമയത്ത് ആളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

ടൗണിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ കടയുടെ ഷെഡ്ഡിനും മരം വീണ് നാശമുണ്ടായിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മരം വീഴുന്നതിന്‌ തൊട്ടുമുമ്പ് വരെ ഷെഡ്ഡില്‍ ജീവനക്കാരും മാര്‍ബിള്‍ നോക്കാന്‍ വന്നവരും ഉണ്ടായിരുന്നു. എന്നാല്‍ മഴ പെയ്യാന്‍ തുടങ്ങിയതോടെ എല്ലാവരും കടയുടെ സമീപത്തേക്ക് മാറി നില്‍ക്കുകയായിരുന്നു.

രാവിലെ പെയ്ത മഴയില്‍ ചങ്ങരംകുളം റോഡിലും വ്യാപക നാശമാണ് ഉണ്ടായിരിക്കുന്നത്. കാറ്റില്‍ തേക്ക് മരം വീണ് പ്രദേശത്തെ ഇലക്ട്രിക് ലൈനില്‍ വീഴുകയും ആറ് പോസ്റ്റുകള്‍ തകര്‍ന്നു വീഴുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ലൈന്‍ പൊട്ടി റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കും വീണിരുന്നു. എന്നാല്‍ അപകടസമയത്ത് വൈദ്യുതി ഇല്ലാത്തതിനാലാണ് വലിയ അപകടം വഴിമാറിയത്‌.