തോരാതെ പെയ്ത മഴയിൽ നേന്ത്രവാഴ കൃഷിയും വെള്ളത്തിലായി; പേരാമ്പ്ര മേഖലയിൽ മാത്രം നശിച്ചത് പതിനായിരത്തിലേറെ നേന്ത്രവാഴകൾ, ലക്ഷങ്ങളുടെ നഷ്ടം


പേരാമ്പ്ര: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി പേരാമ്പ്രയിലെ കർഷകർ. കൃഷിയിടത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നേന്ത്രവാഴകൾ നശിച്ചു. പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട എടവരാട് മേഖലയിലാണ് വ്യാപകമായി കൃഷി നശിച്ചത്. പതിനായിരത്തോളം നേന്ത്രവാഴ നശിച്ചതായാണ് കൃഷിവകുപ്പ് അധികൃതർ നൽകുന്ന കണക്ക്. ഇതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് വന്നത്.

പ്രമോദ് കേളോത്ത്, രാജൻ കല്ലിൽ, വേണു പയ്യിൽമീത്തൽ, കല്യാണി തിനതൂർപൊയിൽ, ശങ്കരൻ ഉക്കാരൻകണ്ടി, രതീഷ് തേവർകണ്ടി കുനിയിൽ, കരിങ്ങാട്ടുമ്മൽ ഷാജി, നടുക്കണ്ടി സന്തോഷ് തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. ജനപ്രതിനിധികളും, കൃഷി വകുപ്പ് അധീകൃതരും സ്ഥലം സന്ദർശിച്ച് കൃഷി നാശം വിലയിരുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് പേരാമ്പ്ര മേഖയിലുണ്ടായത്. ഇതിനെ തുടർന്ന് പലയിടങ്ങളിലും നാശ നഷ്ടങ്ങൾ സംഭവിച്ചിച്ചുന്നു. ചങ്ങരോത്ത്, ചെറുവണ്ണൂർ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വീടുകൾ ഭാ​ഗികമായി തകർന്നു. കക്കയം ഡാം തുറന്നതിനെ തുടർന്ന് പെരുവണ്ണാമൂഴി ചെമ്പനോട റോഡിൽ പെരുവണ്ണാമൂഴി പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ​ഗതാ​ഗതം താത്ക്കാലികമായി നിരോധിച്ചിരുന്നു. കൂടാതെ കടന്തറ പുഴയിൽ വെള്ളം കരകവിഞ്ഞതിനെ തുടർന്ന് ഇല്ലിക്കൽ ഹൗസിം​ഗ് കോളനയിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പുത്തൻപുരയിൽ ബാലനെയും കുടുംബത്തെയുമാണ് മറ്റൊരു വീട്ടിലേക്ക് മാറ്റിയത്.