കനത്ത മഴയും കാറ്റും; പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം


പേരാമ്പ്ര: കനത്ത മഴയിലും കാറ്റിലും പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടം. മേപ്പയൂരിലും ചെറുവണ്ണൂരിലും വീടിന് മുകളില്‍ മരം കടപുഴകി വീണു. വിവിധയിടങ്ങളില്‍ വൈദ്യുതി തടസ്സവും നേരിട്ടു.

മേപ്പയൂര്‍ ചങ്ങരംവെള്ളി മീത്തലെ ചാലില്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് മുകളിലാണ് മരം വീണത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതരേയും വില്ലേജ് ഓഫീസറേയും വീട്ടുടമ നാശനഷ്ടം അറിയിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓത്തിയില്‍ രാഘവന്റെ വീടിന് മുകളില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
അരിക്കുളത്ത് തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് തെങ്ങ് വീണ് തകര്‍ന്നത്. അഞ്ചാം വാര്‍ഡില്‍ ചെട്ടിയാങ്കണ്ടി മനോജിന്റെ വീടിന് മുകളിലും തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.

പെരുവണ്ണാമൂഴി ചെമ്പനോട റോഡിലും മരം ഇലക്ട്രിക് ലൈനില്‍ വീണ് വൈദ്യുതി ബന്ധം നിലച്ചിരുന്നു.