കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൂട് കൂടും; കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂടിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയവ ഉണ്ടാകാം. പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. തെക്കൻ കേരള തീരത്തും 1, 2 തീയതികളിൽ ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനു പോകരുത്.

നാളെയും മറ്റന്നാളും തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.