അപകടം രക്ഷാപ്രവർത്തനത്തിനായി പുറത്തേക്ക് ഇറങ്ങിയപ്പോള്‍; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മരിച്ച മാത്യുവിന്റെ വിയോഗത്തില്‍ നെഞ്ചുലഞ്ഞ് നാട്‌


വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ നാട്ടുകാരെ സഹായിക്കാനിറങ്ങിയതായിരുന്നു മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു. നിനച്ചിരിക്കാതെയായിരുന്നു മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയത്. പിന്നാലെ ഒരു നിമിഷം കൊണ്ട് മാത്യു കയറിനിന്ന ഇടമടക്കം ഒലിച്ചുപോവുകയായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട മാത്യു മാഷിന്റെ മൃതദേഹം കണ്ടെത്താനായി കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി തെരച്ചില്‍ നടത്തുകയായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് പുഴയോരത്തെ കൂറ്റന്‍ മരത്തടികള്‍ക്കിടയില്‍ നിന്നും മാത്യുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

പുഴയോരത്ത് വച്ച് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഉടന്‍ തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീട്ടിലെത്തിച്ച മാത്യുവിന്റെ ചേതനയറ്റ മൃതദേഹം കണ്ട് ഭാര്യ ഷൈനിക്കും മക്കള്‍ക്കുമൊപ്പം നാട്ടുകാരും ബന്ധുക്കളും വിങ്ങിപ്പൊട്ടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ മഞ്ഞകുന്ന്‌
ദേവാലയം സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ട് പോവും.

നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന ആളായിരുന്നു മാത്യു. ഉരുള്‍പൊട്ടലില്‍ മാത്യുവിനെ കാണാതായത്‌ മുതല്‍ പ്രാര്‍ത്ഥനയോടെ നാട്ടുകാര്‍ കാത്തിരിക്കുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ മാത്യു പുതുതായി പണി കഴിപ്പിക്കുന്ന വീടും തകര്‍ന്നിരുന്നു.