ഇടയ്ക്കിടെ ക്ഷീണവും തലക്കറവും തോന്നാറുണ്ടോ ? ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത്!


ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. കുട്ടികൾപോലും ഹൃദയാഘാതത്തെ തുടർന്ന മരണപ്പെടുന്ന സംഭവങ്ങളുമുണ്ട്.

പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു 10 ദിവസമോ ഒരു മാസമോ മുമ്പ് ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ ഒരു രോഗമുക്തിക്ക് സഹായിക്കും.

ക്ഷീണം: ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് 10 ദിവസമോ ഒരു മാസമോ മുമ്പോ മുതൽ ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുമെന്ന് ഡോക്‌ടർമാർ പറയുന്നു. എന്നാൽ ഈ ലക്ഷണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് 2019 ലെ നാഷണൽ ഹാർട്ട്, ലംഗ്, ബ്ലഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നെഞ്ചിലെ അസ്വസ്ഥത: ഹാർട്ട് അറ്റാക്കിന്‍റെ ഏറ്റവും പ്രധാനവും സാധാരണവുമായ ലക്ഷണമാണ് നെഞ്ചിന്‍റെ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥത. നെഞ്ചുവേദന, ഭാരം, നെഞ്ചിന്‍റെ നടുഭാഗത്തോ ഇടതുഭാഗത്തോ അനുഭവപ്പെടുന്ന ഇറുക്കം, ഞെരുക്കം തുടങ്ങിയവ ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ്.

വിയർപ്പ്: ശരീരം വിയർക്കുന്നത് സാധാരണയാണ്. എന്നാൽ പ്രത്യക്ഷമായ കാര്യങ്ങൾ ഇല്ലാതെ നിങ്ങൾ അമിതമായി വിയർക്കുന്നുവെങ്കിൽ ഇത് അറ്റാക്കിന്‍റെ സൂചനയാകാം. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോൾ ശരീരം അമിതമായി വിയർക്കാൻ തുടങ്ങും. മാത്രമല്ല ചിലരിൽ ദഹന പ്രശ്‌നങ്ങൾ, ഓക്കാനം തടുങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു.

ശ്വാസതടസം: ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും ഹാർട്ട് അറ്റാക്കിനെ സൂചിപ്പിക്കാം. നടക്കുമ്പോഴോ ഉറങ്ങുമ്പോഴോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെകിൽ അവഗണിക്കാതിരിക്കുക. ഇതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.

വർദ്ധിച്ച ഹൃദയമിടിപ്പ്: ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നത് സ്വാഭാവികമാണ്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപേ ഹൃദയമിടിപ്പ് വർധിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ശരീരവേദന: ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗിയിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീര വേദന. മിക്ക രോഗികളിലും നെഞ്ച്, തോൾ, കൈ, പുറം, കഴുത്ത്, താടിയെല്ല് തുടങ്ങിയയിടങ്ങളിൽ വേദന അനുഭവപ്പെടുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ധമനികളിൽ തടസങ്ങൾ ഉണ്ടാകുകയും തുടർന്ന് വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

തലകറക്കം: കാരണങ്ങൾ ഇല്ലാതെ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുകയായെങ്കിൽ അത് അവഗണിക്കരുതെന്ന് ഡോക്‌ടർമാർ പറയുന്നു. തലകറക്കം, തലവേദന, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദയാഘാതത്തിൻ്റെ സൂചനകളാകാം.

ഉറക്കപ്രശ്നങ്ങൾ, ഉറക്കമില്ലായ്മ: ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരു മാസത്തിനുള്ളിൽ സ്ത്രീകളിൽ 50 ശതമാനത്തോളം പേര്‍ക്ക് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പുരുഷന്മാരിൽ 32 ശതമാനം പേർക്ക് മാത്രമേ ഇതുണ്ടാകുകയുള്ളൂ.

കണ്ണുകൾ പ്രകടമാക്കുന്ന ലക്ഷണങ്ങൾ:

ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങൾ കണ്ണുകളിൽ പ്രകടമാകും. അവ ഏതൊക്കെ എന്നു നോക്കാം.

കണ്ണുകൾക്ക് മഞ്ഞനിറം: ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് കണ്ണുകളിൽ കാണപ്പെടുന്ന മഞ്ഞനിറം. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോളിന്റെ കൂടിയ അളവ് ആണ് ഈ മഞ്ഞനിറം സൂചിപ്പിക്കുന്നത്.

കണ്ണിനു ചുറ്റും വീക്കം: കണ്ണിനു ചുറ്റും വീക്കം ഉണ്ടെന്നു കണ്ടാൽ വൈകാതെ ഹൃദയ പരിശോധന നടത്തണം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമായ ഫ്ലൂയ്ഡ് റിറ്റൻഷന്റെ സൂചനയാണ്.

കണ്ണിനു വേദന: കണ്ണുകൾക്ക് ഉണ്ടാകുന്ന വേദന, ഹൃദയാഘാതത്തിന്റെ സൂചനയാണ്. രക്തക്കുഴലുകളിലേക്ക് ആവശ്യമായ രക്തപ്രവാഹം ഉണ്ടാകാത്തതു മൂലമാണ് ഇതുണ്ടാകുന്നത്.

സ്ത്രീകളിലും പുരുഷന്മാരിലും പ്രകടമാകുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാണ്. പഠനങ്ങളനുസരിച്ച് ഏതാണ്ട് 70 ശതമാനത്തോളം ഹൃദയാഘാതവും ഉണ്ടാകുന്നത് പുരുഷന്മാരിലാണ്. എന്നാൽ ഹൃദയാഘാതം ഉണ്ടായി ഒരു വർഷത്തിനുള്ളിൽ മരണമടയാൻ സാധ്യത കൂടുതൽ സ്ത്രീകൾക്കാണ്.

Summary: Heart attacks can be prevented by recognizing the symptoms