ഹെൽത്തി കേരള; നരിപ്പറ്റയിൽ ഹോട്ടലുകളിൽ ശുചിത്വ നിലവാര പരിശോധന, നാല് സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ്


നരിപ്പറ്റ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നരിപ്പറ്റയിലെ ഹോട്ടലുകളുടെ ശുചിത്വ നിലവാര പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ്. കൈവേലിയിലെ തൃപ്തി ഹോട്ടൽ, ഓറഞ്ച് ഹോട്ടൽ, ചീക്കൊന്നിലെ അടുക്കള ഹോട്ടൽ, കെ. എം. ഫ്രൂട്ട് സ്റ്റാൾ ആന്റ് കൂൾ ബാർ എന്നീ സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ ലീഗൽ നോട്ടീസ് നൽകി.

മലിനമായ സാഹചര്യത്തിൽ ഭക്ഷണ പാനിയങ്ങൾ പാചകം ചെയ്യൽ, സൂക്ഷിക്കൽ, വിതരണം ചെയ്യൽ, ഭക്ഷ്യ സുരക്ഷ നിയമപ്രകാരമുള്ള ഹെൽത്ത് കാർഡ് ഇല്ലാത്തത്, കുടിവെള്ള ഗുണനിലവാര പരിശോധന ഫലം റിപ്പോർട്ടിന്റെ അഭാവം തുടങ്ങിയ ന്യൂനതകൾ കണ്ടെത്തിയതിനാലാണ് നാല് സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.ഷാരോൺ.എം.എസ് അറിയിച്ചു.

പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്.സന്തോഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ.കെ.ഷാജി, കെ.കെ.ദിലീപ്കുമാർ, വി. അക്ഷയ്കാന്ത്, ഇ.ആർ.രഞ്ജുഷ എന്നിവർ നേതൃത്വം നൽകി.