വൃത്തിഹീനമായ സാഹചര്യത്തില്‍ കശാപ്പ്‌; ഹെൽത്തി കേരള പരിശോധനയില്‍ നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്


നാദാപുരം: നാദാപുരത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവര്‍ത്തിച്ച ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്. ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കുമ്മംകോടുള്ള ബിസ്മില്ല ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ് നൽകിയത്‌.

പരിശോധനയില്‍ വൃത്തിഹീനമായും അറപ്പുളവാക്കുന്ന രീതിയിലും ദുർഗന്ധം വഹിക്കുന്ന രീതിയിലും സ്ഥാപനത്തില്‍ പോത്ത്, കുട്ടൻ എന്നിവയെ കശാപ്പ്‌ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല ആരോഗ്യ നിയമങ്ങൾ ലംഘിച്ച മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക്‌ പിഴ ചുമത്തുകയും, പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ ബാബു.കെ, പ്രസാദ്.സി, റീന വി.പി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരിൽ കോടതി നിയമനടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ.ജെ അറിയിച്ചു.

Description: Healthy Kerala Checkup; Order to close beef stall in Nadapuram