ആരോഗ്യ ജാഗ്രത സമ്മേളനം; വ്യത്യസ്തമായി നാദാപുരം പ‍ഞ്ചായത്ത് ഒമ്പതാം വാർഡ് സഭ


നാദാപുരം: ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് സഭ ആരോഗ്യ ജാഗ്രത സമ്മേളനം കൊണ്ട് വ്യത്യസ്തമായി. ഈ വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത ഗ്രാമ സഭയിൽ മെഡിക്കൽ ക്യാമ്പ്, എൻ സി ഡി ക്ലിനിക്ക്,ആരോഗ്യ ബോധവൽക്കരണം എന്നിവ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ആരോഗ്യ ഗ്രാമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വാർഡ് മെമ്പർ എം സി സുബൈറിന്റെ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ബാബു, നാദാപുരം ഗവ:ആയുർവേദ മെഡിക്കൽ ഓഫീസർ എം കെ മുംതാസ് എന്നിവർ ‘പകർച്ച വ്യാധി പ്രതിരോധം ‘ ‘ പരിസര ശുചീകരണം ‘ എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

ഡോ: ആമിന നിസാം ( അലോപ്പതി ) ഡോ:എം കെ മുംതാസ് ( ആയുർവ്വേദം ) ഡോ: ഗായത്രി ദേവി ( ഹോമിയോ ) എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ജെ എച്ച് ഐ അമ്പിളി, ജെ പി എച്ച് എൻ അനില കുമാരി,എം എൽ എസ് പി നേഴ്‌സ് ഷൈമ, ആശാ വർക്കർമാരായ ഉഷ ചന്ദ്രി, നിമിഷ എന്നിവർ എൽ സി ഡി ക്ലിനിക്ക് നിയന്ത്രിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു.